മലപ്പുറം: സാന്പത്തികവർഷം തീരാൻ ഇനി മൂന്ന് മാസം മാത്രം ബാക്കി നിൽക്കെ ജില്ലയിൽ വിവിധ വകുപ്പുകൾക്ക് പദ്ധതി വിഹിത വിനിയോഗത്തിൽ മെല്ലെപ്പോക്ക്.
ഇതുവരെ 59.10 ശതമാനം മാത്രമാണ് ചെലവഴിച്ചത്. വിവിധ വകുപ്പുകളിലായി ജില്ലയിൽ സംസ്ഥാന പദ്ധതിയിൽ 291 ഉം കേന്ദ്രാവിഷ്കൃത പദ്ധതികളിലായി ഏഴും കേന്ദ്രപദ്ധതി വിഹിതമായി 60 ഉം പദ്ധതികളടക്കം 358 പദ്ധതികളാണ് ഈ സാന്പത്തിക വർഷമുള്ളത്. ഇവയ്ക്കായി 691.6122 കോടി രൂപയാണ് നീക്കിയിരുപ്പ്.
സംസ്ഥാന പദ്ധതിയിൽ മലപ്പുറം ജില്ലയ്ക്കുള്ള 254.1559 കോടിയിൽ അനുവദിച്ച 229.9765 കോടി രൂപയിൽ 182.3002 കോടിയാണ് ചെലവഴിച്ചത്. 79.27 ശതമാനം. അതേസമയം അടങ്കൽതുകയുടെ 24.1794 കോടി രൂപ ഇനിയും അനുവദിക്കാനുണ്ട്. ഏഴ് കേന്ദ്രാവിഷ്കൃത പദ്ധതികളിൽ 254.9625 കോടി രൂപയിൽ അനുവദിച്ച 137.3627 കോടി രൂപയിൽ 136.2684 കോടി രൂപ (99.20 ശതമാനം) ചെലവഴിച്ചു. ഇതിൽ 117.5998 കോടി രൂപ അനുവദിക്കാനുണ്ട്.
60 മറ്റു കേന്ദ്രപദ്ധതി വിഹിത ഇനത്തിലെ 182.4938 കോടി രൂപയിൽ അനുവദിച്ച 111.5446 കോടിയിൽ 90.1443 കോടി രൂപ (80.81 ശതമാനം) ചെലവഴിച്ചു.
സാമൂഹിക വനവത്കരണം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സർവേറ്റർ, ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണർ, നിലന്പൂർ സൗത്ത് ഫോറസ്റ്റ് ഡിവിഷൻ, ഹാർബർ എൻജിനിയറിംഗ് എക്സിക്യൂട്ടീവ് എൻജിനിയർ, മരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ (കെട്ടിട വിഭാഗം), ചമ്രവട്ടം പ്രൊജക്ട് എക്സിക്യൂട്ടീവ് എൻജിനീയർ, മലപ്പുറം ജല അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ, ജല അഥോറിറ്റി പ്രൊജക്ട് ഡിവിഷൻ (മലപ്പുറം), മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ, മൈനർ ഇറിഗേഷൻഎക്സിക്യൂട്ടീവ് എൻജിനീയർ, മരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ (റോഡ്, പാലം), കോ-ഓപ്പറേറ്റീവ് ജോയിന്റ് രജിസ്ട്രാർ അടക്കമുള്ള 12 വകുപ്പുകൾക്ക് അനുവദിച്ച മുഴുവൻ തുകയും ചെലവഴിച്ചിട്ടുണ്ട്.
മലപ്പുറം എംഎസ്പി, തിരൂർ ഡയറ്റ്, ആർആർആർഎഫ്, മലപ്പുറം സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ്, കുറ്റിപ്പുറം, നിലന്പൂർ, പെരിന്തൽമണ്ണ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ, ജില്ലാ പോലീസ് മേധാവി ഓഫീസ്, ചെലവഴിച്ചത് 50 ശതമാനത്തിൽ താഴെയാണ്.
ലേബർ ഓഫീസ്, ഡിഎംഒ, ഡിഡിഇ, കയർ പ്രോജക്ട് ഓഫീസ്, ജില്ലാ അനിമൽ ഹസ്ബൻട്രി ഓഫീസ്, മഞ്ചേരി ഗവണ്മെന്റ് നഴ്സിംഗ് കോളജ്, ടൗണ്‍ പ്ലാനിംഗ് എന്നീ വിഭാഗങ്ങൾ പദ്ധതി വിഹിതമായി ചെലവഴിച്ചത് 50 ശതമാനത്തിൽ താഴെ മാത്രമാണ്.